അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 28 മൂന്നാം ദിനം
ദൈവത്തോടൊപ്പം യാത്ര ചെയ്യുവാൻ വിശ്വാസികൾ ശ്രദ്ധ പുലർത്തണം:
ഡോ.രാജൻ ജോർജ്
പറന്തൽ: കരുതുകയും കൈവിടാതെ സൂക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിൻ്റെ സ്നേഹത്തെക്കുറിച്ച് ഓരോ വിശ്വാസികൾക്കും ശരിയായ ബോധ്യമുണ്ടായിരിക്കണമെന്നും ആ ദൈവത്തോടൊപ്പം യാത്ര ചെയ്യുവാൻ ഓരോരുത്തരും ശ്രദ്ധ പുലർത്തണമെന്നും ഫെയ്ത്ത് ക്രിസ്ത്യൻ ചർച്ച് സീനിയർ പാസ്റ്ററുമായ
ഡോ. രാജൻ ജോർജ് ആഹ്വാനം ചെയ്തു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷനിൽ മൂന്നാം ദിവസം പൊതുയോഗത്തിൽ മുഖ്യ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ജീവിത ക്ലേശങ്ങളിൽ തകർന്നു പോകുമെന്നു കരുതിയപ്പോഴും ഇരുളടഞ്ഞ വഴിത്താരകൾ തരണം ചെയ്യേണ്ടി വന്ന അവസരങ്ങളിലും കരം പിടിച്ചു നടത്തിയ ദൈവത്തിൻ്റെ സ്നേഹം അതുല്യമാണെന്നും ആരെല്ലാം മറന്നാലും മറക്കാതെ കൂടെയുള്ള നല്ല സഖിയായ് എന്നും ദൈവം കൂടെയുണ്ടാകുമെന്നും ഡോ.രാജൻ ജോർജ് ഓർമ്മിപ്പിച്ചു. ആ നല്ല ദൈവത്തിൻ്റെ ഹിതങ്ങൾക്കു വിധേയപ്പെട്ടു ജീവിക്കുക എന്നത് ഓരോ വിശ്വാസിയുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആശംസാസന്ദേശം നല്കി.
സുവി.പി.ജി.വർഗീസ് സന്ദേശം നല്കി. മധ്യ മേഖലാ ഡയറക്ടർ പാസ്റ്റർ ജെ.സജി അദ്ധ്യക്ഷനായിരുന്നു. സിസ്റ്റർ അനിത സിനോ, ബ്രദർ ഷൈൻ ജോസ്, പാസ്റ്റർ സാം ടി.ബേബി എന്നിവർ മദ്ധ്യസ്ഥ പ്രാർത്ഥന നയിച്ചു. ദുബായ് ബഥേൽ എ ജി സഭാ ശുശ്രുഷകൻ പാസ്റ്റർ കെ.രാജൻ ആശംസാ പ്രസംഗം നടത്തി. പാസ്റ്റർ ജോർജ് വർഗീസ് പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ യാഹ്ദത്ത് മണി സമർപ്പണ പ്രാർത്ഥനയും നടത്തി.പാസ്റ്റർ ജോൺ മാത്യുവിൻ്റെ നേതൃത്വത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവെൻഷൻ ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നല്കി.
രാവിലെ 9 ന് നടന്ന പാസ്റ്റേഴ്സ് സെമിനാറിൽ പാസ്റ്റർ എബ്രഹാം ഉണ്ണൂണ്ണി ക്ലാസ് നയിച്ചു. അടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോസ് ടി ജോർജ് അദ്ധ്യക്ഷനായിരുന്നു.10ന് ബഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിൽ പ്രസിഡൻ്റ് പാസ്റ്റർ ടി.വി.തങ്കച്ചൻ അദ്ധ്യക്ഷനായിരുന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ.ജെയിംസ് ജോർജ് വെൺമണി സന്ദേശം നല്കി. 11 ന് നടന്ന ശിഷ്യത്വ സെമിനാറിൽ സഭാ കൗൺസിൽ മെമ്പർ പാസ്റ്റർ ബാബു വർഗീസ്, സുവി.പി.ജി.വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു. കിളിമാനൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ എസ്.എൽ.ബാബു അദ്ധ്യക്ഷനായിരുന്നു.
ഉച്ചയ്ക്ക് 2 ന് ഉന്നത വിദ്യാഭ്യാസ സെമിനാറിൽ ഡോ.ജോൺസൻ ജി.സാമുവേൽ, നോയൽ സിറിയക് എന്നിവർ ക്ലാസുകൾ നയിച്ചു. കുളത്തൂപ്പുഴ സെക്ഷൻ പ്രസ്ബിറ്റർ
പാസ്റ്റർ തോമസ്മാത്യു
അദ്ധ്യക്ഷനായിരുന്നു.
വൈകിട്ട് 4ന് പുതിയ ഓഫീസ് സമുച്ചയത്തിന് ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് തറക്കല്ലിട്ടു. സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ സമർപ്പണ പ്രാർത്ഥന നടത്തി. സഭാ അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി മാത്യു അദ്ധ്യക്ഷനായിരുന്നു. ഡോ.ഐസക് ചെറിയാൻ,പാസ്റ്റർമാരായ ജോർജ് പി. ചാക്കോ, ജോർജ് എബ്രഹാം, കെ.രാജൻ, ബ്രദർ ബാബു യോഹന്നാൻ തുടങ്ങിയവർ ആശംസ സന്ദേശങ്ങൾ നല്കി. സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് നന്ദി പ്രസംഗം നടത്തി. പാസ്റ്റർ പി.എം.ജോർജ് പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ ജോൺ തോമസ് സമാപന പ്രാർത്ഥനയും നയിച്ചു.
വാർത്ത: മീഡിയ ടീം
