Logo

2023 ക്രൈസ്റ്റ് അമ്പാസിഡേഴ്സ് യുവജന ക്യാമ്പിന് അനുഗ്രഹീത സമാപ്തി


2023 ക്രൈസ്റ്റ് അമ്പാസിഡേഴ്സ് യുവജന ക്യാമ്പിന് അനുഗ്രഹീത സമാപ്തി

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സിഡയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടിക്കാനം മാർ ബസേലിയസ് എഞ്ചിനീയറിംഗ് കോളേജിൽ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ നടന്ന ക്യാമ്പിന് അനുഗ്രഹീത സമാപ്തി. ആയിരത്തിലധികം യുവജനങ്ങൾ രജിസ്‌ട്രേഷൻ ചെയ്തു പങ്കെടുത്ത ക്യാമ്പ് ഓഗസ്റ്റ് 29 വൈകിട്ട് 6 മണിക്ക് സംസ്ഥാന പ്രസിഡന്റ് റവ.ജോസ് റ്റി ജോർജിന്റെ അധ്യക്ഷതയിൽ സഭാ സൂപ്രണ്ട് റവ . ടി ജെ സാമുവേൽ ഉത്‌ഘാടനം ചെയ്തു

അനുഗ്രഹീതരായ ദൈവ ദാസന്മാർ ക്ലാസുകൾ നയിച്ചു. ബ്രദർ. സുജിത് എം സുനിൽ, ജയ്‌പൂർ, ബിനീഷ ബാബിജി, ഡൽഹി, ജോബിൻ ഏലീശാ, ജെറമി ഐസക്ക് , റോബിൻ ലാലിച്ചൻ , ഡോ .ഫ്രെഡി ജോസഫ്, പാസ്റ്റർ സാബു ചാരുമൂട് എന്നിവർ വിവിധ സെക്ഷനുകളിലായി ആത്മീയ ആരാധനക്ക് നേതൃത്വം നൽകി. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ് സൂപ്രണ്ട് റവ .ഡോ ഐസക്ക് വി മാത്യു, ഉത്തര മേഖല ഡയറക്ടർ റവ .ബാബു വർഗീസ്, ദക്ഷിണ മേഖല ഡയറക്ടർ റവ . പി കെ യേശുദാസ് , സി എ വൈസ് പ്രസിഡന്റ് പാസ്റ്റർ.അജീഷ് ക്രിസ്റ്റഫർ, ഡോ . സന്തോഷ് ജോൺ, പാസ്റ്റർ നിറ്റ്സൺ കെ വർഗീസ് എന്നിവർ ദൈവ വചനത്തിൽ നിന്നും ശുശ്രൂഷിച്ചു.

യുഎസ്എയിൽ നിന്നും എത്തിയ പാസ്റ്റർ. ബോവസ് മാത്യു ഈ ക്യാമ്പിൽ മുഖ്യ പ്രഭാഷകനായിരുന്നു . 1 ശാമുവേൽ 7.3 അടിസ്ഥാനമാക്കി ക്രിസ്തുവിലേക്കു തിരിയുവാൻ യുവതകളെ പ്രബോധിപ്പിച്ചു . നാം എങ്ങനെ ആയിരിക്കണം എന്നും , മറ്റുള്ളവരുടെ മുൻപിൽ നാം മാതൃക പുലർത്തണം എന്ന് ജനത്തെ ഓർമിപ്പിച്ചു . നിരവധി പേർ കർത്താവിന്റെ വേലക്കായി തങ്ങളുടെ ജീവിതത്തെ സമർപ്പിച്ചു .

ഇതര ക്യാമ്പുകളിൽ നിന്നും വളരെ വ്യത്യസ്തമായി ഇപ്രാവശ്യം സാമൂഹിക പ്രതിബദ്ധത മുൻ നിർത്തിക്കൊണ്ട് ആകർഷകമായ മറ്റ് സെക്ഷനുകളും ഉണ്ടായിരുന്നു. ഡോ.ഐസക്ക് പോൾ (മണി മാനേജ്‍മെന്റ്), ഡോ.ഐഡ ജോസഫ് ഫിന്നി(ആരോഗ്യം) അഡ്വ.പ്രിസ്ക്കില്ല ജോയൽ (ക്രൈം ആൻഡ് പണിഷ്മെന്റ്), ശ്രീ.വൈ ഷിബു (ലഹരിയ്ക്കെതിരെ യുള്ള ബോധവത്കരണം ), ശ്രീ.ടിനു യോഹന്നാൻ (സ്പോർട്സ്), ഡോ.ഷെനിയ ഫ്രെഡി ജോസഫ് (മിഷൻ ചലഞ്ച്). പാസ്റ്റർ.ഷാജൻ ജോൺ ഇടയ്ക്കാടിന്റെ നേതൃത്വത്തിൽ നടന്ന സംവാദം വളരെ കാലിക പ്രസക്തി ഉളവാക്കിയ ഒന്നായിരുന്നു. ക്രൂശ് എന്റെ മുൻപിലോ ? പിൻപിലോ? എന്ന ചോദ്യം അടിസ്ഥാനമാക്കി നടന്ന ഡിബേറ്റ് പാസ്റ്റർ.പവീൻ ജോർജും ടീമും, അനുകൂലിച്ചും പാസ്റ്റർ.ഡയിറ്റു സാമും ടീമും എതിർഭാഗത്ത് നിന്നും സംസാരിച്ചു. ക്രൂശ് ഇപ്പോഴും നമ്മുടെ മുൻപിൽ തന്നെ ആയിരിക്കേണം എന്ന ആശയത്തിലേക്ക് മോഡറേറ്റർ ഉപസംഹരിച്ച് സംസാരിച്ചു. അവസാന രാത്രിയിൽ സംസ്ഥാന പ്രസിഡന്റ് റവ. ജോസ് റ്റി ജോർജ്ജ് നേതൃത്വം നൽകിയ കാത്തിരുപ്പുയോഗം അർദ്ധ രാത്രി 2:00 വരെ നീണ്ടു പോയതു ക്യാമ്പിന്റെ ചരിത്രത്തിലെ വേറിട്ടൊരു അനുഭവം ആയിരുന്നു.150 ൽ അധികം കുട്ടികൾ അഭിഷേകം പ്രാപിക്കുവാൻ ഈ ക്യാമ്പ് കാരണമായി. 50 പേരോളം പൂർണ്ണ സമയ സുവിശേഷ വേല യ്ക്കായി സമർപ്പിച്ചു.

സമാപന ദിവസം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സെക്രട്ടറി റവ . തോമസ് ഫിലിപ്പ് അനുഗ്രഹിക്കപ്പെട്ട സന്ദേശം ജനത്തിനു കൈമാറി . നാം ക്രിസ്തുവിലേക്കു തിരിയേണം എന്നും ആ അനുഭവം നമ്മളിൽ വന്നാൽ നാം മറ്റുള്ളവരെ ക്രിസ്തുവിലേക്കു തിരിക്കുവാൻ തയ്യാറാക്കണം എന്നും പ്രബോധിപ്പിച്ചു. ഒരു പുതിയ സൃഷ്ടിയായി വേണം നാം സമൂഹത്തിലേക്ക് ഇറങ്ങുവാൻ എന്നും , എല്ലായിടത്തും നാം മുഖാന്തരം ക്രിസ്തു ഉയർത്തപ്പെടേണം എന്നും പാസ്റ്റർ തോമസ് ഫിലിപ്പ് തന്റെ സമാപന സന്ദേശത്തിൽ പറഞ്ഞു.

ക്യാമ്പിൽ ശുശ്രുഷിച്ചവരും, ആരാധനയ്ക്ക് നേതൃത്വം നൽകിയവരും, വിവിധ നിലകളിൽ ക്യാമ്പിനു ക്രമീകരണങ്ങൾ ചെയ്തവരെല്ലാം അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിൽ നിന്ന് തന്നെ ഉള്ളവർ എന്നുള്ളത് എടുത്ത് പറയേണ്ട കാര്യമാണ്. സി എ ഡിപ്പാർട്മെന്റിന്റെ തന്നെ സ്വന്തം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തത്സമയ സപ്രേക്ഷണങ്ങൾക്ക് വിനിയോഗിച്ചതും ആയിരക്കണക്കിനാളുകളിലേക്ക് ക്യാമ്പ് എത്തിപ്പെടുവാൻ കാരണമായി. തുടർന്ന് സമാപന സമ്മേളനത്തിൽ സംസ്ഥാന ക്യാമ്പിന് വേണ്ടി വിവിധ മേഖലയിൽ പ്രവർത്തിച്ചവരെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സംസഥാന സി എ സെക്രട്ടറി പാസ്റ്റർ.ഷിൻസ് സ്വാഗതവും ട്രഷറാർ പാസ്റ്റർ. രജീഷ് ജെ നന്ദിയും അറിയിച്ചു. സംസ്ഥാന കമ്മറ്റിയിൽ ബ്രദർ.ബിനീഷ് ബി.പി, പാസ്റ്റർ.സിജു മാത്യൂ, ബ്രദർ.ജോയൽ മാത്യു തുടങ്ങിയ എല്ലാവരുടെയും ഐക്യതയുടെയും മാസങ്ങളായ കഠിനാധ്വാനത്തിന്റെയും ഫലമായി അനുഗ്രഹിക്കപ്പെട്ട ക്യാമ്പ് നടത്തുവാൻ ദൈവം സഹായിച്ചു എന്ന് നന്ദി വാചകങ്ങളിലൂടെ സമൂഹത്തെ അറിയിക്കുവാൻ ഇടയായി.

Related Posts